കുറച്ചു മാസങ്ങൾക്ക് മുൻപാണ് സ്വാതി അവളുടെ സുഹൃത്തായ നിഷാന്ത്. ടി. പാപ്പിനിശ്ശേരിയുടെ ആർദ്രം എന്ന നോവൽ കൊണ്ട് തരുന്നത്. വായിച്ചിട്ട് അഭിപ്രായം പറയാനും പറഞ്ഞു... പക്ഷേ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് എനിക്കത് വായിക്കാൻ പറ്റിയില്ല.ഓണാവധിയിൽ എല്ലാർക്കും തിരക്കുകൾ ആണെങ്കിലും.. എന്റെ ലോകം എന്നിലേക്ക് മാത്രമായി ചുരുങ്ങിയത് കൊണ്ടോ, മറ്റുള്ളവർക്ക് എന്നെ അംഗീകരിക്കാൻ ഉള്ള ബുദ്ധിമുട്ടോ... എന്തുകൊണ്ടെന്നറിയില്ല... എനിക്ക് ഈ തിരക്കുകൾ ഒന്നുമില്ല.വീട്ടിലെ പണികൾ ഒതുങ്ങിയത് കൊണ്ടും, ഋതുവിന്റെ നിർബന്ധം കൂടി ആയപ്പോൾ ആർദ്രം വായിച്ചു തുടങ്ങി.നാല് ചെറുനോവലുകൾ ആണ് ഇതിലുള്ളത്. അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ഹൃദയത്തെ തൊടുന്ന ഓർമ്മകളെ കോർത്തിണക്കി കൊണ്ട് ലളിതമായ ഭാഷയിൽ എഴുതിയ ചെറു നോവലുകളുടെ സമാഹാരം. പ്രതിസന്ധികളിലും പ്രതീക്ഷയുടെ പുതുമഴ സ്വപ്നം കാണുന്ന മനുഷ്യരെ നമുക്ക് ഈ രചനകളിൽ കാണാം. ജീവിത നിരീക്ഷണത്തിന്റെ മനോഹാരിതയും സ്നേഹത്തിന്റെ സൗന്ദര്യവും മുറിവുകളുടെ ആർദ്രതയും ജീവിതത്തിന്റെ മഴത്തണുപ്പോടെ വരികളിൽ നിറഞ്ഞു നിൽക്കുന്നു.കഷ്ടപ്പെട്ട് വളർത്തിയ അച്ഛനമ്മമാർ ആരുമല്ലെന്ന് മക്കൾ മനസ്സിലാക്കിയ സത്യം തണൽ തേടുന്ന തണൽ മരങ്ങൾ നമ്മെ പഠിപ്പിക്കുന്നു.അത്തരക്കാരായ മക്കളെക്കാൾ നല്ലത് വൃദ്ധസദനങ്ങൾ തന്നെയാണെന്ന തിരിച്ചറിവ് മുൻപോട്ടുള്ള തലമുറയ്ക്ക് ആശ്വാസം തന്നെ..ട്രീറ്റ് വായിച്ചപ്പോൾ വല്ലാത്ത നിരാശബോധം എന്നിലുണ്ടായി... വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കുഞ്ഞ് പിറന്നപ്പോൾ അതിനെ ഒരു നോക്ക് കാണാനാവാതെ മരണം കവർന്നെടുത്ത സിദ്ധുവിനെ മറക്കാൻ കഴിയുന്നില്ല... ഞാൻ അടക്കമുള്ള ചില ആളുകളുടെ സ്വഭാവമാണ് No പറയണമെന്നുണ്ടെങ്കിലും മറ്റുള്ളവർക്ക് അത് വേദന ആവുമല്ലോ എന്ന് കരുതിയുള്ള സമ്മതിച്ചു കൊടുക്കൽ. ഒരിക്കലും സ്വന്തം സന്തോഷത്തിനു മുകളിൽ മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്ക് മുൻഗണന കൊടുക്കൽ.അവസാനം സ്വന്തം ജീവിതം നഷ്ടമായ സിദ്ധു എല്ലാർക്കും ഒരു പാഠമാവട്ടെ.കുട്ടന്റെ അവധിക്കാലം എന്നെയും വർഷങ്ങൾ പിറകിലേക്ക് കൂട്ടിക്കൊണ്ട് പോയി. പണ്ടുള്ളവർ പറഞ്ഞു പറഞ്ഞു പഠിപ്പിച്ച അന്ധവിശ്വാസം കുറച്ചൊക്കെ നമ്മൾ വിശ്വാസങ്ങളായി ഇപ്പോഴും തുടർന്നു പോരുന്നു.ആർദ്രം എന്ന അവസാന നോവലിൽ പരുക്കനായ മാഷ് എങ്ങനെ അങ്ങനെ ആയെന്ന് പറഞ്ഞു തരുന്നു. സ്വന്തം കുടുംബത്തിന് വേണ്ടി പരുക്കനായപ്പോൾ സ്നേഹിക്കാൻ അദ്ദേഹം മറന്നു പോയത് കൊണ്ട് 25 വർഷങ്ങളാണ് അവർക്ക് നഷ്ടപ്പെട്ടത്. ചുറ്റിലുമുള്ള സുഖങ്ങളും, സൗകര്യങ്ങളും മനുഷ്യൻ ഒരിക്കലും കാണില്ല... അവന്റെ പരാതി തീരുകയുമില്ല. അതിലും വലുത് അനുഭവിക്കുമ്പോൾ മാത്രമേ കിട്ടിയതൊക്കെ എത്ര വലുതായിരുന്നു എന്ന തിരിച്ചറിവ് ഉണ്ടാവുകയുള്ളൂ. അപ്പോഴേക്കും പലതും നഷ്ടമാവുകയും ചെയ്യും.ഒറ്റ ഇരുപ്പിൽ വായിച്ചു തീർക്കാൻ കഴിഞ്ഞെങ്കിൽ, മനസ്സിനെ കീഴടക്കാൻ കഴിഞ്ഞു എന്നാണ് അർത്ഥം... പേര് പോലെ തന്നെ മനസ്സിനെ സ്പർശിക്കുന്ന, കരുണയും സ്നേഹവും നിറഞ്ഞ ആർദ്രത്തിന്റെ എഴുത്തുകാരന് എല്ലാവിധ ആശംസകളും 🙏🙏 Rating: [5 of 5 Stars!] |